പ്രമേഹവും മോണരോഗവും തമ്മിലെന്ത് ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
രക്തത്തിലെ അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ് കണ്ണുകള്‍, വൃക്കകള്‍, ഞരമ്പുകള്‍, ഹൃദയം, തലച്ചോറ്, മറ്റ് ശരീര അവയവങ്ങള്‍ എന്നിവയെ ബാധിക്കും, പക്ഷേ ഇത് വായിലെ ആരോഗ്യത്തെയും ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? പ്രമേഹമുള്ള ആളുകളുടെ പല്ലിനും മോണയ്ക്കും അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. മോണരോഗമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതുപോലെ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ മോണരോഗത്തിന്റെ സാധ്യതയും മൂന്നു മുതല്‍ നാലു മടങ്ങ് വര്‍ദ്ധിക്കുന്നു.
പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളില്‍ ആറാമത്തേതില്‍ മോണ രോഗം ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമേഹ രോഗിയുടെ പല്ലിന്റെയും മോണയുടെയും പരിശോധനകൂടി പ്രാരംഭ പരിശോധനകളില്‍ നടത്തേണ്ടതുണ്ട്. പ്രമേഹരോഗികളില്‍ ഉമിനീര്‍ കുറയുന്നതു കാരണം ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം പൂര്‍ണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവര്‍ത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവില്‍ തീവ്രമായ തോതില്‍ ദന്തക്ഷയം ഉണ്ടാകാനും കാരണമാവുന്നു. ഇത് കൂടാതെ നാവിനും കവിളിനും എരിച്ചിലും പുകച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുകയും ചെയ്യും.